Tuesday, May 3, 2011

wireless charging







മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഡിജിറ്റല്‍ ക്യാമറകളുമൊക്കെ ചാര്‍ജ് ചെയ്യാനുള്ള ബുദ്ധിമുട്ട് അവസാനിക്കാന്‍ കാലമാകുന്നതായി റിപ്പോര്‍ട്ട്. ജാപ്പനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ 'ഫ്യുജിറ്റ്‌സു ലിമിറ്റഡ്' അവകാശപ്പെടുന്നത് ശരിയാണെങ്കില്‍, 2012 ഓടെ വയര്‍ലെസ്സ് ചാര്‍ജറുകള്‍ രംഗത്തെത്തും.

ഒരേ സമയം ഒന്നിലേറെ ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാന്‍ സഹായിക്കുന്നതാകും വയര്‍ലെസ്സ് ചാര്‍ജറുകളെന്ന് കമ്പനി പറയുന്നു. പവര്‍ കേബിളുകളുടെ സഹായമില്ലാതെ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇത് സഹായിക്കും. 'കാന്തിക അനുനാദം' (magnetic-resonance) എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെയാണ് വയര്‍ലെസ്സ് ചാര്‍ജറുകള്‍ പ്രവര്‍ത്തിക്കുക.

അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) ഉള്‍പ്പടെ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങള്‍ ഇത്തരമൊരു സങ്കേതം വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. തങ്ങള്‍ ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കയതായും വയര്‍ലെസ്സ് ചാര്‍ജറുകള്‍ രണ്ടു വര്‍ഷത്തിനകം വിപണിയിലെത്തിക്കാനാണ് പരിപാടിയെന്നും ഫ്യുജിറ്റ്‌സു കമ്പനി അറിയിച്ചു.

വൈദ്യുതി പ്രവഹിക്കുന്ന പ്രത്യേകം കമ്പിച്ചുരുളുകള്‍ക്ക് ഏതാനും മീറ്ററുകള്‍ അകലെ വെച്ചു തന്നെ, കേബിളുകള്‍കൊണ്ട് ബന്ധിപ്പിക്കാതെ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പുതിയ സംവിധാനം സഹായിക്കും. പൊതുസ്ഥലങ്ങളില്‍ 'ചാര്‍ജിങ് ഹോട്ട്‌സ്‌പോട്ടുകള്‍'ക്ക് രൂപംനല്‍കാനും സാധിക്കും. വൈഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിന് സമാനമായൊരും സംവിധാനമാകും വയര്‍ലെസ്സ് ചാര്‍ജറിന്റേത്.

വയര്‍ലെസ്സ് ചാര്‍ജറിനും ഉപകരണത്തിനും മധ്യേ കാന്തികമണ്ഡലരൂപത്തില്‍ വൈദ്യുതി പ്രവഹിക്കുകയാണ് ചെയ്യുക. കമ്പിച്ചുരുളിന്റെയും കപ്പാസിറ്ററിന്റെയും സഹായത്തോടെ കാന്തികഅനുനാദം സൃഷ്ടിച്ചാണ് വൈദ്യുതി പ്രവാഹം സാധ്യമാക്കുക. കാന്തികമണ്ഡലത്തിന്റെ രൂപത്തിലാകയാല്‍ മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവികളെ അത് ഷോക്കടിപ്പിക്കില്ല.

സാധാരണയിലും 150 മടങ്ങ് വേഗത്തില്‍ ഉപകരണങ്ങള്‍ വയര്‍ലെസ് സംവിധാനത്തിലൂടെ ചാര്‍ജ് ചെയ്യാനാകുമെന്ന് ഫ്യുജിറ്റ്‌സു പറയുന്നു. ഇലക്ട്രിക് കാറുകള്‍ പോലും ചാര്‍ജുചെയ്യാന്‍ നാളെ ഈ സങ്കേതം തുണയായേക്കാം.

No comments:

Post a Comment