Sunday, May 1, 2011

ഗൂഗിള്‍ വീഡിയോ പൂട്ടുന്നു


ആറ് വര്‍ഷം പഴക്കമുള്ള വീഡിയോ സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ഏപ്രില്‍ 29 ന് ശേഷം ഗൂഗിള്‍ വീഡിയോ കാണാന്‍ കഴിയില്ല. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ഗൂഗിളിന്റെ സൈറ്റില്‍ സൂക്ഷിച്ചിട്ടുള്ള തങ്ങളുടെ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മെയ് 13 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ ഈ തീരുമാനം പക്ഷേ, അധികമാരെയും അമ്പരപ്പിക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇങ്ങനെയൊരു തീരുമാനം എത് സമയത്ത് വേണമെങ്കിലും ഉണ്ടാകാമെന്ന കാര്യം ടെക്‌നോളജി രംഗത്തുള്ളവര്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല, ഇപ്പോള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഗൂഗിളിന്റെ ഈ സേവനം ഉപയോഗിക്കുന്നുമുള്ളൂ. ഈ സൈറ്റില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഗൂഗിള്‍ നിര്‍ത്തുകയും ചെയ്തിരുന്നു.

2005 ജനവരി 25നാണ് 'ഗൂഗിള്‍ വീഡിയോ' സര്‍വീസ് ആരംഭിച്ചത്. വീഡിയോ സെര്‍ച്ച് എന്‍ജിന്‍, വീഡിയോ ഷെയര്‍ ചെയ്യാനുള്ള ഇടം എന്നീ ആശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ ഈ സേവനം തുടങ്ങിയെങ്കിലും, ഈ രംഗത്തെ പ്രധാന എതിരാളിയായ യൂട്യൂബുമായുള്ള മത്സരത്തില്‍ ഗൂഗിള്‍ പിന്തള്ളപ്പെടുകയായിരുന്നു. പിന്നീട് തന്ത്രപ്രധാനമായ നീക്കത്തിലൂടെ അടുത്തവര്‍ഷം അവര്‍ യൂട്യൂബ് സ്വന്തമാക്കി.

ഗൂഗിള്‍ ഏറ്റെടുത്തതോടെ യൂട്യൂബിന്റെ പ്രശസ്തി കുതിച്ചുയര്‍ന്നു. ഇപ്പോള്‍ പ്രതിമാസം 144 മില്ല്യണ്‍ ആളുകള്‍ യൂട്യൂബ് കാണുന്നുണ്ടെന്നാണ് കണക്ക്. തൊട്ടുപുറകിലുള്ള 'വെവോ'യ്ക്ക് വെറും 51 മില്യണ്‍ കാഴ്ച്ചക്കാര്‍ മാത്രമാണുള്ളത്. യൂടൂബ് പോലെ ഇത്രയും പ്രശസ്തമായ ഒരു സേവനം കയ്യിലുള്ളപ്പോള്‍ പിന്നെ ഗൂഗിള്‍ വീഡിയോ കൊണ്ടുനടക്കേണ്ടതില്ല എന്ന ഗൂഗിളിന്റെ തീരുമാനം തികച്ചും ന്യായമാണ്.

നേരത്തെ ഗൂഗിള്‍ വീഡിയോയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ എത്രയും പെട്ടെന്ന് യൂട്യൂബിലേക്ക് മാറ്റാനാണ് ഗൂഗിളിന്റെ നിര്‍ദേശം. ഗൂഗിള്‍ വീഡിയോയില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള അവസാന ദിവസമായ മെയ് 13 ന് ശേഷം എന്നെന്നേക്കുമായി ആ സൈറ്റിലെ വീഡിയോകള്‍ നഷ്ടമാവും.

ഈ നിര്‍ദേശങ്ങെളല്ലാം ഇമെയില്‍ വഴി ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് അയച്ചുകഴിഞ്ഞു. യൂട്യൂബിനെയും ഗൂഗിളിന്റെ മറ്റുസേവനങ്ങളെയും ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നും ഈമെയിലില്‍ വിശദീകരിക്കുന്നു.

വീഡിയോ മാത്രമല്ല, മറ്റ് ജനപ്രീതിയാര്‍ജിക്കാന്‍ കഴിയാത്ത മറ്റ് ചില സേവനങ്ങളും ഗൂഗിള്‍ അവസാനിപ്പിക്കുകയാണ്. ഗൂഗിള്‍നോട്ട്ബുക്ക്, 2009ല്‍ ആരംഭിച്ച ക്യുആര്‍ കോഡ് (QR Code) സേവനം എന്നിവ അതില്‍ പെടുന്നു. ഇനിമുതല്‍ സ്ഥാപനങ്ങള്‍ക്ക് ഗൂഗിള്‍ പ്ലെയ്‌സ്‌പേജുകളില്‍ അവരുടെ ക്യുആര്‍ കോഡ് അനുവദിക്കില്ല. സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ ലിങ്കുകളും മറ്റ് വിവിരങ്ങളും ചതുരകോഡുകളായി അവതരിപ്പിക്കുന്ന രീതിയാണ് ക്യു ആര്‍ കോഡ് സങ്കേതം. ഓണ്‍ലൈനായി ഫയലുകളും ചിത്രങ്ങളും മറ്റു വിവരങ്ങളും ബ്രൗസിങ്ങിനിടെത്തന്നെ സൂക്ഷിച്ചുവെക്കാന്‍ സഹായിക്കുന്നസേവനമാണ് 'ഗൂഗിള്‍ നോട്ട്ബുക്ക്'. ഇതിലേക്കായി പുതുതായി അംഗങ്ങളെ ഇനി ചേര്‍ക്കുന്നില്ല.

ഗൂഗിള്‍ വളരെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഗൂഗിള്‍ വേവ് (Google Wave) കഴിഞ്ഞ വര്‍ഷം മുളയിലേ നുള്ളേണ്ടി വന്നു. ഗൂഗിളിന്റെ മൊബൈല്‍ സേവനമായ ഡോഡ്ജ്ബാള്‍ (Dodgeball), ഗൂഗിള്‍ മാപ്‌സ് എപിഐയുടെ സഹായത്തോടെ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന മാഷപ്പ് എഡിറ്റര്‍ (Mashup editor), ഓണ്‍ലൈനായി കാറ്റലോഗുകള്‍ സെര്‍ച്ച് ചെയ്യുന്ന 'ഗൂഗിള്‍ കാറ്റലോഗ്' (Google Catalogue) എന്നിവയും നിര്‍ത്തലാക്കിയ സേവനങ്ങളില്‍പെടുന്നു.

No comments:

Post a Comment