Monday, May 2, 2011

ഇ മെയില്‍ വഴി എങ്ങനെ പണം തട്ടിയെടുക്കാം??


കൊക്കക്കോള കമ്പനിയില്‍ നിന്ന് അവാര്‍ഡുണ്ടെന്ന് വിശ്വസിപ്പിച്ച് കേരളത്തിലെ ഒരു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തതിന്റെ പേരില്‍ രണ്ട് നൈജീരിയക്കാര്‍ പോലീസിന്റെ വലയിലായ വാര്‍ത്ത ഈയിടെ വായിക്കുകയുണ്ടായി. വെളുത്ത കടലാസുകള്‍ ഡോളര്‍ നോട്ടുകളുടെ രൂപത്തില്‍ മുറിച്ച് പെട്ടിയിലാക്കി കൈമാറുന്നതിനിടെയാണ് നൈജീരിയക്കാര്‍ അറസ്റ്റിലായതത്രെ. ഇത് ആദ്യത്തെ സംഭവമല്ല.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും കേട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് ആണ് ഇത്തരം പ്രലോഭനങ്ങളുടെയും തട്ടിപ്പിന്റെയും സ്ഥിരംവേദി.

നൈജീരിയന്‍ തട്ടിപ്പുകള്‍ എന്നാണ് ഇതിനെ പൊതുവായി വിളിക്കുന്നത്.

രണ്ട് കാര്യങ്ങള്‍ ആരിലും ആശങ്കയുണര്‍ത്തും. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ,100% സാക്ഷരതയുള്ള, ഇന്റനെറ്റിന്റേയും പത്ര-ദൃശ്യമാധ്യമങ്ങളുടേയും സജീവസാന്നിദ്ധ്യമുള്ള ഒരു സ്ഥലത്താണ്, ഒരു എഞ്ചിനിയറിംഗ് കേളേജ് വിദ്യാര്‍ത്ഥി ഒരു മല്‍സരത്തിലും പങ്കെടുക്കാതെ കൊക്കോകോള തനിക്ക് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിശ്വസിച്ച് തുക കിട്ടുന്നതിനായി ഏതോ അന്യനാട്ടുകാര്‍ക്ക് 20 ലക്ഷം രൂപ നല്കുന്നു!

20 ലക്ഷം രൂപ കേരളത്തിലെ ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി സംഘടിപ്പിക്കാനായി എന്നതാണ് അതിലേറെ വലിയ അല്‍ഭുതം. ഇപ്പോള്‍ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എത്ര വിദ്യാഭ്യാസവും വിവരവുമൊക്കെ ഉണ്ടായാലും ഇത്തരം തട്ടിപ്പുകളില്‍ ചിലര്‍ എപ്പോഴും ചെന്നുപെടുന്നു.

1995 ല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുതുടങ്ങിയ കാലം മുതല്‍ ഈ രീതിയിലുള്ള ആയിരക്കണക്കിന് മെയിലുകള്‍ എന്റെ ഇന്‍ബോക്‌സിലേക്ക് വന്നെത്താറുണ്ട്. കൊക്കകോളയുടെ നറുക്കെടുപ്പില്‍ നിങ്ങള്‍ സമ്മാനിതനായിരിക്കുന്നു, ഐബിഎം വമ്പിച്ച ലാഭത്തിലായത് മൂലം അതിന്റെ ഒരു ലാഭവിഹിതാവകാശത്തിന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു,

അബാച്ചയുടെ വിധവയോ മാക്രോസിന്റെ ഭാര്യയോ നിങ്ങളില്‍ സംപ്രീതനായി നിങ്ങള്‍ക്ക് എണ്ണിയിലൊടുങ്ങാത്ത പൈസ നല്കാന്‍ സന്നദ്ധയായിരിക്കുന്നു - എന്നിങ്ങനെയായിരിക്കും മെയിലുകളുടെ സന്ദേശം. മൊബൈല്‍ വഴിയോ, ഇന്റര്‍നെറ്റ് വഴിയോ നേരിട്ടോ ഇത്തരത്തിലുള്ള ഒരു ഓഫര്‍ വരികയാണെങ്കില്‍ അതിനെ അപ്പടി അവഗണിക്കുക മാത്രമാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗ്ഗം.

ഇപ്പോള്‍ ഏതെങ്കിലും രീതിയില്‍ ആരെങ്കിലു നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ അതിന് മുന്നില്‍ അയാള്‍/അവള്‍ ഒരു കുഴികുത്തിവെച്ചിട്ടുണ്ടാവുമെന്ന് മനസ്സിലാക്കുക. നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെട്ടേക്കാം, എന്താ ശരിയല്ലേയെന്ന് നിങ്ങള്‍ക്ക് തോന്നലുണ്ടായേക്കാം. ഒന്ന് മനസ്സിലാക്കുക, ഈ കളിയില്‍ ഒരേയൊരു ജേതാവേയുള്ളൂ, അത് നിങ്ങളായിരിക്കില്ല. പണം ഇങ്ങനെ സമ്പാദിക്കാന്‍ കഴിയുമെങ്കില്‍ ആരും ഒരിക്കലും ഇത്തരം ലോട്ടറികള്‍ നിങ്ങളോട് വെളിപ്പെടുത്തില്ല എന്നുറപ്പല്ലേ. എന്തുകൊണ്ട് അവര്‍ അവര്‍ക്ക് വേണ്ടി അതുപയോഗപ്പെടുത്തുന്നില്ല? ഈയൊരു ചിന്ത നിങ്ങളുടെ മനസ്സില്‍ സ്ഥിരമാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പണമോ ഉറക്കമോ ഭാഗ്യമോ നഷ്ടപ്പെടുകയില്ല.

എളുപ്പം പറ്റിക്കപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെയുള്ളില്‍ ഒരു പ്രതീക്ഷ കുമിള്‍ പോലെ മുളക്കും. നിങ്ങള്‍ തിരിച്ചുബന്ധപ്പെടും. ശോകപര്യവസായിയായിരിക്കും ആ കഥയുടെ അവസാനരംഗം. നിങ്ങളുടെ പോക്കറ്റ് ശൂന്യമാവും. ലോകത്തില്‍ ഇത്തരം മെയിലുകള്‍ക്ക് മറുപടി അയച്ച ഒരാള്‍ക്ക് പോലും ഒരു ഡോളറെങ്കിലും കിട്ടിയ ചരിത്രം എവിടെയുമില്ല. എത്ര നിങ്ങള്‍ക്ക് പോയി എന്നതില്‍ മാത്രമായിരിക്കും വ്യത്യാസം. കുറച്ച് ഭാഗ്യം ബാക്കിയുള്ളവര്‍ക്ക് നൂറ് ഡോളര്‍ പോയിട്ടുണ്ടാവും, ആയിരത്തിലധികം പാറക്കടിച്ചിട്ടുണ്ടാവും മറ്റ് ചിലര്‍ക്ക്. ഇത്തരം തട്ടിപ്പുകള്‍ ലോകത്തകമാനം വളരെ കൂടിയ അളവില്‍ സംഭവിക്കുന്നുണ്ട്. എല്ലാ രാജ്യത്തിലേയും ഗവണ്‍മെന്റുകള്‍ തന്നെ ഇത് അന്വേഷിക്കാന്‍ പ്രത്യേകഅന്വേഷണസെല്‍ ഉണ്ടാക്കിയിട്ടുണ്ട്.

ഇതറിയാവുന്ന എന്റെ പല സുഹൃത്തുക്കളും നിഷ്‌കളങ്കത കൊണ്ട് വീണ്ടും വീണ്ടും ഈ മുതലയുടെ വായില്‍ തല വെക്കുന്നത് കണ്ട് എനിക്കല്‍ഭുതം തോന്നാറുണ്ട്. അവര്‍ക്ക് ശരിക്കും പണം നഷ്ടപ്പെട്ടുവോ എന്നെനിക്കറിയില്ല, പണം നഷ്ടപ്പെട്ടവര്‍ മാനക്കേട് ഭയന്ന് പുറത്ത് പറയില്ലല്ലോ! തങ്ങള്‍ക്ക് വന്ന മെയില്‍ ശരിയാണ്, മറ്റുള്ളവയാണ് ഇരകളെത്തേടി പതുങ്ങിനടക്കുന്നത് എന്ന് ഇവര്‍ സ്വയമങ്ങ് വിശ്വസിക്കും.

കഴിഞ്ഞ 15 വര്‍ഷക്കാലയളവില്‍ എന്റെ ഇന്‍ബോക്‌സിലേക്ക് താഴെ പറയുന്ന രീതിയിലുള്ള തട്ടിപ്പുമെയിലുകള്‍ വന്നിട്ടുണ്ട്.

1. ഒരു അറിയിപ്പില്‍ പറയുന്നൂ, സ്‌പെയിനിലെയോ ബ്രിട്ടനിലെയോ വലിയ കമ്പനികളോ കൊക്കോകോളയോ നടത്തിയ ലോട്ടറിയില്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

2. ഒരു മെയില്‍- ബന്ധുക്കളൊന്നുമില്ലാതെ മരിച്ച ഒരു സമ്പന്നന്റെ (വേദനിക്കുന്ന കോടീശ്വരന്‍) പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യാന്‍ സഹായിക്കണെന്ന് അഭ്യര്‍ത്ഥിക്കുന്നു.

3. എന്നെ ബന്ധുവായിക്കരുതി അജ്ഞാതനായ ഒരാള്‍ എണ്ണിയാലൊടുങ്ങാത്ത പണം എനിക്കായി നീക്കിവെച്ചിരിക്കുന്നു. ഞാന്‍ ബന്ധപ്പെടണം.

4. എനിക്ക് ഒരു വലിയ കമ്പനിയില്‍ ഞാന്‍ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ലാത്ത അത്രയും മാസശമ്പളത്തില്‍ ജോലി കിട്ടിയിരിക്കുന്നു.

5. അരി വാങ്ങുന്നത്ര തുച്ഛമായ തുകയ്ക്ക സ്വറ്റ്‌സര്‍ലാന്റലേക്ക് പോകാമെന്ന് ഓഫര്‍ ചെയ്യുന്നൂ ഒരു ലെറ്റര്‍.

6. ഒരു മെയില്‍ പെട്രോള്‍ കമ്പനിയില്‍ സ്വപ്‌നാത്മകമായ ജോലി വാഗ്ദനം ചെയ്യുന്നു.

7. അമേരിക്കയിലെ ഒരു അന്താരാഷ്ട്രസെമിനാറിലേക്ക് എന്നെ തിരഞ്ഞെടുത്തെന്നും എല്ലാ ചെലവും കമ്പനി വഹിക്കുമെന്നും അറിയിച്ചുകൊണ്ടുള്ള ഒരു മെയില്‍ .

8. എനിക്ക് മഹത്തായ ഒരു അവാര്‍ഡ് കിട്ടിയിരിക്കുന്നു (തുകയുടെ കാര്യം പറയേണ്ടതില്ലല്ലോ...!)

9. വേള്‍ഡ് ബാങ്ക് ടണ്‍ കണക്കിന് സുഗന്ധദ്രവ്യങ്ങള്‍ സമ്പാദിക്കാനൊരുങ്ങുകയാണ്. അതിന്റെ ലേലംനടത്തിപ്പുകാരനായി എന്നെ നിയമിച്ചിരിക്കുന്നു.

എഴുത്ത് കിട്ടിയ പല ആളുകള്‍ക്കും ആദ്യം മനസ്സിലാവുകയില്ല, അവര്‍ ഇങ്ങോട്ട് പണം തരുമെന്ന് പറയുമ്പോള്‍ എന്റെ പണം നഷ്ടമാവുന്നതെങ്ങനെയാണ് ? വാഗ്ദാനമൊഴിച്ച് നിര്‍ത്തിയാല്‍ എല്ലാം പഴയ പോലെ. നിങ്ങള്‍ അത്തരം മെയിലുകള്‍ക്ക് ഒരു മറുപടി അയച്ചാല്‍ പണത്തെക്കുറിച്ചൊന്നും പറയാതെ നിങ്ങളോട് വളരെ ബഹുമാനത്തോടെ ഇടപെടും. തങ്ങളും തങ്ങളുടെ വാഗ്ദാനവും യഥാര്‍ത്ഥത്തിള്ളതാണെന്ന് അവര്‍ നിങ്ങളെ വിശ്വസിപ്പിക്കും.

പിന്നെ നിങ്ങളുടെ ഡോക്യമെന്റ്‌സ് അറ്റസ്റ്റ് ചെയ്യാനാണെന്ന് പറഞ്ഞ് വളരെക്കുറച്ച് തുക -ഏകദേശം പതിനായിരം രൂപയ്ക്കടുത്ത്- അവര്‍ പറയുന്ന അക്കൗണ്ടിലിടാന്‍ ആവശ്യപ്പെടും. നിങ്ങള്‍ ആ തുക നല്കിക്കഴിഞ്ഞാല്‍ അവര്‍ കുറച്ചധികം പണം ആവശ്യപ്പെടും, ഇത്തവണ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി ആ രാജ്യത്ത് നിങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കേണ്ടതുണ്ടെന്നും അതിന് വേണ്ടിയാണ് ഈ തുകയെന്നും അവര്‍ വിശദീകരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികള്‍ കാണുന്നു.

1. പോയത് പോയി എന്ന് വിചാരിച്ച് ഇടപാടില്‍ നിന്ന് ഒഴിവാകുക.
2. കഥ സത്യമാണെന്നും നിങ്ങള്‍ക്ക് ഒരു പാട് പണം കിട്ടും എന്നുള്ള ശുഭ(!)പ്രതീക്ഷയോടെ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റും അടക്കുക.

രണ്ടാമതും നിങ്ങള്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ പുതിയ ആവശ്യങ്ങളുടെ മനോഹരമായ കള്ളങ്ങളുയര്‍ത്തി അവര്‍ വീണ്ടും പണത്തിന് മുട്ടും. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കും-പൊട്ടനില്‍ പൊട്ടനായി നിങ്ങള്‍ കാശ് നല്കുന്നത് അവസാനിപ്പിക്കും വരെ. ഈ കഥ ശുഭം എന്നെഴുതി അവസാനിപ്പിക്കാനാവില്ല ഒരിക്കലും.

അന്താരാഷ്ട്രതലത്തില്‍ ഇത്തരം തട്ടിപ്പുകള്‍ 419 എന്ന പേരില്‍ വിളിക്കപ്പെടുന്നു. തട്ടിപ്പുകാര്‍ക്കായുള്ള നൈജീരിയന്‍ പീനല്‍ കോഡ് നമ്പറാണ് 419. വേറെ ചില കാരണങ്ങളാല്‍ ആനുപാതികമല്ലാത്ത ഇത്തരം തട്ടിപ്പുകള്‍ക്ക് നൈജീരിയയുമായി ചില ബന്ധങ്ങളുണ്ട്.( ഇത്തരം തട്ടിപ്പുകള്‍ നൈജീരിയയില്‍ നിന്നാണ് ഉണ്ടായതെന്നോ അവരാണ് ഇതില്‍ നമ്പര്‍ വണ്ണെന്നോ എന്ന് അര്‍ത്ഥമാക്കുന്നില്ല.) വളരെ സംഘടിതമായ ഒരുനെറ്റ് വര്‍ക്ക് ശൃംഖല ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിലം പ്രാദേശികതലത്തിലുമുള്ള ഒരു പാട് കണ്ണികള്‍ ഇതിന്റെ ഭാഗമാകുന്നുണ്ട്.

നിങ്ങളില്‍ നിന്ന് പണം വലിക്കുവാനുള്ള എല്ലാ ആത്മവിശ്വാസവും പരസ്യം കൊണ്ടും മെയില്‍ വഴിയും നേരിട്ടും നടത്തിക്കും ഈയൊരു തന്ത്രം ആദ്യമായി പയറ്റിനോക്കിയത് നൈജീരിയക്കാരാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. എന്നാല്‍ അത് ശരിയല്ല. കൊല്ലവര്‍ഷം 1800-ല്‍ തന്നെ ഈ തന്ത്രം സ്‌റ്റേജ് കയറിയിരുന്നു. സ്​പാനീഷ് പ്രിസണര്‍ കോണ്‍ഫിഡന്‍സ് ട്രിക്ക് (Spanish Prisoner confidence trick) എന്നാണ് അക്കാലത്തെ ഇതിന്റെ പേര്.

തട്ടിപ്പുകാരന്‍ പറ്റിക്കപ്പെടുന്നവനോട് പറയും, തനിക്ക് സ്‌പെയിനില്‍ തടവിലാക്കപ്പെട്ട ഒരു സമ്പന്നനായ മനുഷ്യനുമായി വളരെയടുത്ത ബന്ധമുണ്ട്. അയാളെ ജയിലില്‍ നിന്ന് പുറത്തിറക്കാനുള്ള പരിപാടിയിലാണ് താന്‍ .പുറത്തിറക്കിയാല്‍ അയാള്‍ തന്നെ മൂടേണ്ട പൈസ തരും. അത്രയും സമ്പന്നനായത് കൊണ്ട് അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ പറ്റില്ല. പുറത്തിറക്കുന്നതിനായി കുറച്ച് പണം തരണമെന്നും സമ്പന്നന്‍ പുറത്തിറങ്ങിയാലുടനെ അതിന്റെ ഇരട്ടിയിലരട്ടി തരുമെന്നും പറയും.

തടവുകാരന്റെ സുന്ദരിയായ മകളെക്കൂടി തരുമെന്ന് പറഞ്ഞ് പ്രലോഭനത്തിന്റെ ഇരുട്ടിലേക്ക് അയാളെ വലിച്ചിടും. അയാള്‍ വഴങ്ങും. പണം കൊടുക്കും. എന്തായി എന്തായി എന്ന അയാളുടെ ചോദ്യത്തെ കുറച്ച് പ്രശ്‌നങ്ങള്‍ സംഭവിച്ചു, കുറച്ചുകൂടി പണം ആവശ്യമുണ്ട് എന്ന് പറഞ്ഞ് വീണ്ടും വീണ്ടും അയാളുടെ പോക്കറ്റ് തപ്പും. പറ്റിക്കപ്പെടുന്നവന്റെ കീശ കാലിയാവുന്ന വരെയോ അയാള്‍ പണം തരാതിരിക്കുന്നത് വരോയോ ഇതങ്ങനെ തുടരും.

പഴയകാലത്ത് തീര്‍ച്ചയായും ഇത്തരം തന്ത്രങ്ങള്‍ ഒരു സമയത്ത് ഒരാളോട് മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് ഇന്റര്‍നെറ്റ് യുഗത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഒരൊറ്റ ഇമെയില്‍ കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളെ ഒരു സമയം വലയിലേക്ക് വിളിച്ചുകൊണ്ടുവരാം. രണ്ടാമത് നിങ്ങള്‍ക്ക് തെറ്റായ ഇമെയില്‍ ഐഡികളുണ്ടാക്കാം, വെബ്‌സൈറ്റുകളുണ്ടാക്കും - പറ്റിക്കപ്പെടുന്നവനില്‍ പറ്റിക്കപ്പെടുന്നില്ല എന്ന ആത്മവിശ്വാസം വളര്‍ത്താന്‍ അത് വഴി സാധിക്കും! ഇത്തരം തന്ത്രങ്ങളുടെ ഒരു സ്‌ഫോടനം തന്നെ സൈബര്‍ലോകത്ത് നടക്കുന്നു. നൂറിലധികം ആളുകള്‍ ദിവസേന ഇതിന്റെ കെണിയിലകപ്പെടുന്നു.

ദശലക്ഷക്കണക്കിന് ഇ-മെയിലുകള്‍ വരുന്ന ഇക്കാലത്ത് നിങ്ങള്‍ക്കും ഇത്തരം മെയിലുകള്‍ അയക്കാം!! കൈയ്യില്‍ നിന്ന് പത്ത് ഡോളറില്‍ താഴെ മാത്രമേ ഇതിനൊക്കെ കൂടി ചെലവാകുന്നുള്ളൂ, എന്നാല്‍ മോഹം കൊണ്ട് വഞ്ചനയ്ക്കടിമയാവാന്‍ ഒരാള്‍ വന്നുകഴിഞ്ഞാല്‍ എല്ലാ നഷ്ടവും പരിഹിക്കപ്പെടും, ലാഭം കൊണ്ട് നിങ്ങളുടെ ജീവിതം തൃപ്തിയടയും..!!!

No comments:

Post a Comment