Saturday, May 7, 2011

സര്‍വവ്യാപിയായി എന്‍വിഡിയ; ഇന്റലും നോക്കിയയും എവിടെ ?





കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയാത്തവര്‍ കാലഹരണപ്പെടും. അത് വിധിയാണ്. ലാസ് വേഗാസില്‍ 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ 2011' ന്റെ കൊടി താഴുമ്പോള്‍ തെളിയുന്ന പാഠം ഇതാണ്.

ലോകം മൊബൈലിലേക്ക് മാറുന്നു എന്നതിന്റെ പ്രഖ്യാപനമായി മാറിയ ഈ പ്രദര്‍ശനത്തില്‍, ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുടെ പൊടിപോലുമില്ലായിരുന്നു. എന്നാല്‍, മോട്ടറോളയും അസ്യൂസും എല്‍ജിയും സാംസങുമൊക്കെ പുതിയ മൊബൈല്‍ ഉപകരണങ്ങളുമായി പ്രദര്‍ശനം കീഴടക്കുകയും ചെയ്തു.

പ്രദര്‍ശനത്തില്‍ കാര്യമായ ഒരു ചലനവും സൃഷ്ടിക്കാത്ത മറ്റൊരു കമ്പനി, ചിപ്പ് നിര്‍മാണത്തിലെ ലോകനേതാവായ ഇന്റലായിരുന്നു. അതേസമയം, മൊബൈല്‍ ചിപ്പിന്റെ പുത്തന്‍ സാധ്യതകളുമായി എന്‍വിഡിയ (NVIDIA) ഇലക്ട്രോണിക്‌സ് ഷോയില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ഭാവിയിലെ 'ഇന്റല്‍' എന്ന് പല നിരീക്ഷകരും എന്‍വിഡിയയെ വിശേഷിപ്പിക്കാന്‍ മടിച്ചില്ല.

നൂറിലേറെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ത്രിഡി സങ്കേതങ്ങളും ഇന്റര്‍നെറ്റ് ടിവികളുമെല്ലാം അവതരിപ്പിക്കപ്പെട്ട മേളയില്‍, ശ്രദ്ധേയമായ സാന്നിധ്യം സൃഷ്ടിക്കാനാവാത്ത മറ്റ് വമ്പന്‍മാരുമുണ്ട്. മൈക്രോസോഫ്ട് ഉദാഹരണം. ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ കാലം കഴിഞ്ഞതോടെ, മറ്റ് പലരും കളിക്കളം കീഴടക്കിയിരിക്കുന്നു എന്നാണ് ഈ മേള വ്യക്തമാക്കിത്തന്നത്. കമ്പ്യൂട്ടിങിന്റെ പുതിയ യുഗത്തിന് വിന്‍ഡോസ് പോലുള്ള സോഫ്ട്‌വേര്‍ വേണമെന്നില്ല, ആന്‍ഡ്രോയിഡ് പോലുള്ള ശക്തമായ സൗജന്യ സോഫ്ട്‌വേറുകളുണ്ടെന്ന് മേള കാട്ടിത്തന്നു.

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തെ ആഗോള ഭീമനായ സോണിയാണ്, മേളയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ മറ്റൊരു കമ്പനി. പരമ്പരാഗത സോണി ഉപകരണങ്ങളുടെ കാലം കഴിയുന്നുവെന്ന് മേള വ്യക്തമാക്കി. എന്നാല്‍, ത്രീഡി ടിവി, ഇന്റര്‍നെറ്റ് ടിവി എന്നിവയില്‍ പുതിയ ഉത്പന്നങ്ങള്‍ സോണിക്ക് അവതിരിപ്പിക്കാന്‍ കഴിഞ്ഞു. സോണിയെ അങ്ങനെ എഴുതിത്തള്ളാനാകില്ലെന്ന് സാരം.

പങ്കെടുത്തില്ലെങ്കിലും ഇലക്ട്രോണിക്‌സ് ഷോയില്‍ നിറസാന്നിധ്യമായ ഒരു കമ്പനിയുണ്ട്-ആപ്പിള്‍. മേളയില്‍ അവതരിപ്പിക്കപ്പെട്ട ഓരോ ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും അളവുകോല്‍, ആപ്പിളിന്റെ ഐപാഡായിരുന്നു. ടാബ്‌ലറ്റ് രംഗം അടക്കിവാഴുന്ന ഐപാഡിനെക്കാള്‍ എന്തെല്ലാം തരത്തില്‍ തങ്ങളുടെ ഉപകരണം മെച്ചപ്പെട്ടിരിക്കുന്നു എന്ന് വിവരിക്കാനാണ് ഓരോ കമ്പനിയും ശ്രമിച്ചത്. അതുപോലെ തന്നെയായിരുന്നു സ്മാര്‍ട്ട്‌ഫോണുകളുടെ കാര്യവും. ആപ്പിളിന്റെ ഐഫോണിനെ കടത്തിവെട്ടുന്ന ഫോണുകള്‍ എന്ന നിലയ്ക്കാണ് അവ അവതരിപ്പിക്കപ്പെട്ടത്.

നോക്കിയയ്ക്ക് സംഭവിച്ചത്


ലോകമെങ്ങും മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്ന നോക്കിയയ്ക്ക് എന്താണ് സംഭവിച്ചത്. നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന സംഗതി ഇതാണ്- സ്വന്തം വിജയത്തിന്റെ ഇരയായി മാറിക്കൊണ്ടിരിക്കുന്ന കമ്പനിയാണ് നോക്കിയ. കാലത്തിനൊത്ത് മാറാനോ, മാറുന്ന കാലത്തിന്റെ ശീലങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പുതിയ ഫോണുകള്‍ രംഗത്തെത്തിക്കാനോ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം, മറ്റ് കമ്പനികള്‍ ശക്തമായി രംഗത്ത് നിലയുറപ്പിക്കുകയും ചെയ്തു.

ഇന്റലിന്റെ കാര്യവും ഏതാണ്ട് ഇതിന് സമാനമാണ്. മൊബൈല്‍ രംഗം ലോകത്തുണ്ടാക്കാന്‍ പോകുന്ന വിപ്ലവം മുന്‍കൂട്ടി കാണാന്‍ ഇന്റലിനായില്ല. അതിനനുസരിച്ച് പുതിയ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാനുമായില്ല. അതേസമയം, എന്‍വിഡിയ ആ രംഗത്ത് അസൂയാര്‍ഹമായ വിജയം നേടി. ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ച ഭൂരിഭാഗം ഉപകരണങ്ങളിലും എന്‍വിഡിയയുടെ ചിപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് പറയുമ്പോള്‍ കാര്യം വ്യക്തമാണല്ലോ.

നെറ്റ്ബുക്കുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും പാകത്തില്‍ വിന്‍ഡോസിനെ പുനര്‍രൂപകല്‍പ്പന ചെയ്താണ് മൈക്രോസോഫ്ട് വിന്‍ഡോസ് 7 ഉം വിന്‍ഡോസ് മൊബൈല്‍ 7 നും അവതരിപ്പിച്ചത്. എന്നാല്‍, വിന്‍ഡോസ് 7 ടാബ്‌ലറ്റുകള്‍ക്ക് എന്തെങ്കിലും കാര്യമായ സവിശേഷത അവതരിപ്പിക്കാന്‍ മൈക്രോസോഫ്ടിന് കഴിഞ്ഞില്ല. മാത്രമല്ല, ഫുള്‍ടച്ച് സ്‌ക്രീനോടു കൂടിയ അത്തരം ഉപകരണങ്ങളിലെ 'സ്​പര്‍ശനാനുഭവം' അത്ര മികച്ചതല്ലെന്ന് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്തു.

കാലം മാറുകയാണ്, കളിക്കാരും....!
                                         Sourse: mb4TECH

No comments:

Post a Comment